Follow Us

ലിങ്ക്

ലിങ്ക്

“ദെച്ചുമോളെ….സമയായിട്ടോ”
ഭക്ഷണം എടുത്തുവെയ്ക്കുന്നതിനിടയില്‍ അമ്മ വിളിച്ചു പറഞ്ഞു.

അവള്‍ അപ്പോഴും മുടി കെട്ടുന്നതേയുള്ളൂ.അമ്മ പുസ്ത്കങ്ങളെല്ലാം ബാഗിലാക്കി ചോറ്റുപാത്രവും എടുത്തുവെച്ചു. ഡ്രസ്സ് ഒന്നുകൂടി ശരിയാക്കി ദെച്ചു ഷൂസെടുക്കാന്‍ ഓടി.ലെയ്സു കെട്ടുമ്പോഴേക്കും ദൂരെ നിന്നും സ്കൂള്‍ബസിന്റെ ശബ്ദം കേട്ടു.ബാഗുമെടുത്ത് റോഡിലേക്കോടി.

കുട്ടുകാരി അമ്പിളിയും എത്തി. കുശലം പറയുമ്പോഴേക്കും സ്ക്കൂള്‍ബസ് എത്തി.രണ്ടൂപേരും ബസില്‍ കയറിയിരുന്നു.ചുറ്റും നോക്കി,എല്ലാവരും നല്ല സംസാരത്തിലാണ്.ചിലരോട് കൈപൊക്കി സൗഹൃദം പുതുക്കുന്നതിനിടയില്‍ പുറകില്‍ നിന്ന് ഒരു കുട്ടി അവര്‍ക്ക് ലഡു നല്‍കി.അവര്‍ തിരിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ഡ്രൈവര്‍ അങ്കിള്‍ അവരെ നോക്കിചിരിച്ചു.

“ദെച്ചുമോളേ..അച്ഛനിപ്പോ എവിടാണ് ഡ്യൂട്ടി?….”

“കോഴിക്കോടാണ് അങ്കിള്‍”

“കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ കാണാന്‍ പറ്റിയില്ല…”

“അച്ഛന്‍ വിളിക്കുമ്പോള്‍ അങ്കിളിന്റെ കാര്യം ചോദിക്കാറുണ്ട്.”

“സാറും ഞാനും ഒരുമിച്ചു പഠിച്ചതാ..ഒരേ ബെഞ്ചിലിരുന്ന്…”

ഈ പറച്ചില്‍ ബസിലെ ശ്രീജാന്റിയോടാണ്.അവര്‍ തലയാട്ടി.

അമ്പിളി ബസിന്റെ പുറകിലേക്ക് പോയിരുന്നു.

ദെച്ചു മുന്നിലിരുന്ന ആദിലിനോടും അംനയോടും സംസാരിക്കാന്‍ തുടങ്ങി.അംനയ്ക്ക് എന്നും പറയാനുണ്ടാവുക ടിക്ടോകിനെ കുറിച്ചായിരിക്കും.ആദിലാണ് ഇന്നത്തെ ഇര,ഇപ്പോള്‍ ദെച്ചുവും.

അങ്ങനെ ബസ് സ്കൂളിലെത്തി. ക്ലാസിലെത്തിയതും, ഓടിനടന്ന് സംസാരിക്കലായി.

അമ്പിളിയോടൊപ്പം സ്റ്റാഫ്റൂമില്‍ ചെന്ന് മുരളി മാഷിനെ കണ്ടു സെമിനാറിനെ കുറിച്ച് സംസാരിച്ചു.

ണിം..ണിം..

ബെല്ലടിച്ചു.എല്ലാവരും അവരവരുടെ ക്ലാസുകളിലേക്കോടി.

ലളിതടിച്ചറിന്റെ മലയാളവും സജിമാഷിന്റെ സാമൂഹൃവും കഴിഞ്ഞാല്‍ ഇന്റര്‍വെല്ലാണ്.

“ഇന്റെർവെല്ലിന് കഴിക്കാന്‍ എന്റെ കയ്യില്‍ സൂത്രമുണ്ട്…”

അവള്‍ കൂട്ടുകാരികളോട് സ്വകാര്യം പറഞ്ഞു.
എല്ലാവരും ഇന്റര്‍വെല്ലാകാന്‍ കാത്തുനിന്നതെന്നപോലെ ദെച്ചുവിന്റെ അടുത്തെത്തി.അവള്‍ അവര്‍ക്ക് നേരെ സ്വീറ്റ് ബോക്സ് നീട്ടി.എല്ലാവരും അത് പങ്കുവെച്ച് കഴിച്ചു.കഴിക്കുന്നതിനിടയില്‍ ദിയ മീശ പിരിക്കുന്നതായി കാണിച്ചു

“അല്ല,അച്ഛമ്മ വന്നിട്ടുണ്ടായിരുന്നു…”

ദെച്ചുവിന്റെ മറുപടി കേട്ട ദീപക് ട്രോളാന്‍ മറന്നില്ല.

“പ്രീയപ്പെട്ട അച്ഛമ്മേ….ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വരണേ…”

.എല്ലാവരും ചിരിയായി…..

പുറത്ത് മഴ പൊടിഞ്ഞു തുടങ്ങി.അടുത്ത പീരിയഡ് കണക്കാണ്.തോമസ് മാഷ് കയ്യില്‍ കനമുള്ള ഒരു പുസ്തകവുമായി വന്നു.ഹോംവര്‍ക്കുകള്‍ പരിശോധിച്ചുതുടങ്ങി. പുറകിലെ ബെഞ്ചിലെ കുട്ടികള്‍ അപ്പോഴും അപ്പുറത്തെ ക്ലാസിലേക്ക് നോക്കിയിരുപ്പാണ്.

ഉച്ചയായി…
സാമ്പാറും മുട്ടവറുത്തതും മീന്‍ കറിയും തോരനും പലതരം അച്ചാറും പുളിശ്ശേരിയും പൊതിച്ചോറിന്റെ മണം നിറഞ്ഞ ആ ക്ലാസ്സ് മുറിയില്‍ നിന്നും അവര്‍ പങ്കുവെച്ചുകഴിച്ചു.പുറത്ത് അപ്പോഴേക്കും മഴ കനത്തിരുന്നു.

അവര്‍ വരാന്തയില്‍ നിന്ന് പാത്രങ്ങള്‍ കഴുകി.

കൂട്ടുകാരോടൊപ്പം ദെച്ചുവും കുറേ വിശേഷങ്ങള്‍ പറഞ്ഞു.അമ്മാവന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന ഉടുപ്പിന്റെ വിശേഷം മുതല്‍ അയലത്തെ വീട്ടിലെ ചേച്ചിയുടെ കല്ല്യാണവിശേഷം വരെ….അവര്‍ നിര്‍ത്താതെ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു…

പെട്ടെന്ന് തലയ്ക്ക് മുകളില്‍ നിന്നെന്നോണം ഇടിവെട്ടി.

അവള്‍ ഞെട്ടിയുണര്‍ന്നു…പുറത്ത് അപ്പോഴും മഴ തകര്‍ത്തുപെയ്യുകയാണ്.

മഴയുടെ ശബ്ദം കേട്ടുകൊണ്ട് അവള്‍ കുറച്ച്നേരം കിടന്നു.ചിന്തകള്‍ അപ്പോഴും തന്റെ കൂട്ടുകാര്‍ക്കിടയില്‍ ആയിരുന്നു.

“ദെച്ചൂ…നിനക്കിന്ന് ക്ലാസില്ലേ… ?”

ചോദ്യം അമ്മയുടേതാണ്.മനസില്ലാമനസ്സോടെ അവള്‍ എഴുന്നേറ്റു.വരാന്തയിലെത്തി മുറ്റത്തേക്ക് നോക്കി.മാവിന്റെ കൊമ്പുകള്‍ അങ്ങിങ്ങായി വിണിട്ടുണ്ട്.

“കാലവര്‍ഷം തുടങ്ങി,അല്ലെങ്കില്‍ ഇങ്ങനുണ്ടോ ഒരു മഴ…”

അമ്മമ്മ പിറുപിറുക്കുന്നത് കേള്‍ക്കാം.അവള്‍ അകത്തേക്ക് നടന്നു.പല്ലുതേപ്പും കുളിയും കഴിഞ്ഞുവരുമ്പോഴേക്കും അമ്മമ്മ ചായ കുടിക്കുന്നത് കണ്ടു.അവളും ഒപ്പം ഇരുന്ന് കഴിച്ചു.

അപ്പോഴും അവള്‍ ചിന്തിച്ചത് തന്റെ കൂട്ടുകാരെക്കുറിച്ചുംഅധ്യാപകരെക്കുറിച്ചും ക്ലാസ്സ് മുറിയെക്കുറിച്ചും ആയിരുന്നു.

ഉമ്മറത്തെത്തി,അമ്മയുടെ ഫോണ്‍ തപ്പി.എങ്ങും കാണുന്നില്ല.

“നിനക്ക് ക്ലാസ് തുടങ്ങാനായില്ലേ….ഇതാ ഫോണ്‍…” അമ്മ അവളുടെ നേരെ നീട്ടി.

സമയം നോക്കി,ഇല്ല സമയം ആകുന്നതേയുള്ളൂ…

അവള്‍ ചാരുകസേരയില്‍ ഇരുന്നു.വാട്ട്സാപ്പ് ഗ്രൂപ്പില്‍ അപ്പോഴും ക്ലാസിന്റെ ലിങ്ക് വന്നിട്ടില്ല.

അവള്‍ ലിങ്ക് വരുന്നതും നോക്കി ചാരുകസേരയില്‍ കിടന്നു…

4 thoughts on “ലിങ്ക്

  1. Reply
    ഷരീഫ്
    July 14, 2021 at 5:39 am

    ജീവനുള്ള വരികൾ എവിടെയോക്കെയോ എപ്പോളൊക്കെയോ എന്തോ നഷ്ടപ്പെട്ടതിന്റെ വ്യാകുലതകൾ വാക്കുകളിൽ ഒളിച്ചിരിപ്പുണ്ട്

    മനോഹരമായി എഴുതി, തുടർന്നും എഴുതുക
    ആശംസകൾ

  2. Reply
    Tonisha
    July 14, 2021 at 3:57 pm

    പഴയ കാലത്തേക്ക് കൊണ്ടുപോയി ❤

  3. Reply
    Swathi Gopi
    July 14, 2021 at 7:46 pm

    വളരെ നന്നായി എഴുതിയിട്ടുണ്ട് അശ്വതി. എനിക്കേറെ ഇഷ്ടമായി.

  4. Reply
    Vinod
    July 23, 2021 at 3:25 pm

    Hai super

Leave a Reply

Your email address will not be published. Required fields are marked *