Follow Us

അവള്‍

അവള്‍

കഥകള്‍ ഇഷ്ട്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല,അപ്പോള്‍ കഥകളുടെ റാണിയായാലോ……

അതെ, കഥകളുടെ റാണിയാണവള്‍ .വിപ്ലവത്തിന്റെ മണ്ണിലെ ചെറുതും വലുതുമായ കുറെയേറെ കഥകള്‍ മടിശ്ശീലയില്‍ ഒളിപ്പിച്ചവള്‍.

സിങ്കപ്പൂര്‍ ആങ്ങളയുടെ കഥ മുതല്‍ വെങ്ങരയില്‍ നിന്നു വന്ന അതിഥികള്‍ക്കായി തയ്യാറാക്കിയ തേങ്ങാപ്പാലൊഴിച്ച ചായയുടെ കഥ വരെ…

പലനിറത്തിലുള്ളവ…

പലരുചിയിലുള്ളവ…

മാംസാഹാരപ്രിയരായ തൻ്റെ ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി തയ്യാറാക്കിയ മത്തി എണര് (നെയ്യ്) ചേര്‍ത്തുണ്ടാക്കിയ ചോറിൻ്റെ കഥപോലെ രസിപ്പിക്കുന്നവയായിരുന്നു അവയിലേറെയും.

കഥകളൊക്കെ പറഞ്ഞവള്‍ തൻ്റെ പ്രീയപ്പെട്ടവരെ രസിപ്പിച്ചുകൊണ്ടേയിരുന്നു.

താനുള്‍പ്പെടുന്ന അഞ്ച് തലമുറയ്ക്ക് വെച്ചുവിളമ്പിയ കഥകളിലെ ധീരവനിത.

കഥകള്‍ പറയുമ്പോളവൾക്ക് നൂറാണ് നാവ്.

നൊന്തുപെറ്റ മക്കളും,മക്കള്‍ക്ക് താങ്ങാകേണ്ടവരും പാതിവഴിയില്‍ വിധിയ്ക്ക് കീഴടങ്ങിയപ്പോള്‍,യോദ്ധാവിനെപ്പോലെ പൊരുതി വിധിയെ തോല്‍പിച്ചവള്‍,ഒരു വന്‍മരമായ് നിന്നു കീഴിലെ പുല്‍ച്ചെടിയെയും വള്ളിപ്പടര്‍പ്പിനെയും സംരക്ഷിച്ചു.

വലിയ ദാനശീലയായിരുന്നു.

ഇടംകൈ കൊടുക്കുന്നത് വലംകൈ അറിയരുതെന്ന് കാര്‍ക്കശ്യം.

അങ്ങനെയെങ്കില്‍ ആരുമറിയാതെ നമുക്ക് പോകാം എന്നാണ് പറച്ചില്‍.

ആ പറഞ്ഞത് അച്ചട്ടായി!

ഓണമാസത്തിലെ ഒരു രാത്രിയില്‍ ഉറങ്ങിയ അവള്‍ പിന്നെ ഉണര്‍ന്നില്ല.

ഉണരാത്ത ഉറക്കത്തിലേക്കവള്‍ ആണ്ടുപോയി!

എൻ്റെ അമ്മമ്മ…

ഒരു മഴവില്ലിൻ്റെ പോലായിരുന്നു ജീവിതം .

ലോകത്തിന് മുഴുവന്‍ സന്തോഷം നല്‍കി, ഒടുവില്‍ മാഞ്ഞുപോയി…

ആകാശവും അറിഞ്ഞില്ല…

ഭൂമിയും…

 

 

 

ഫോട്ടോ കടപ്പാട് – ഗൂഗിൾ

Leave a Reply

Your email address will not be published. Required fields are marked *