അവധിക്കാലത്തെ കളികളത്രയും മാനംമുട്ടി നില്‍ക്കുന്ന ആ പ്ലാവിന്റെ ചുവട്ടിലാണ്. കല്ലുകളി,കോട്ടകളി പിന്നെ പേരിടാത്ത കുറേ നാടന്‍ കളികളും അവര്‍ മത്സരിച്ചു കളിച്ചു.
കളികള്‍ക്കിടയില്‍ പതിവായി തട്ടിപ്പുകളിക്കുന്ന രോഹിണിയുമായി അടികൂടും. ഒരിക്കല്‍ രോഹിണിയെ എല്ലാരും കൂടി കുഴമ്പ്കുടിപ്പിച്ചു. ഇതുകണ്ട് കൈകൊട്ടി ചിരിച്ചു; രമയുടെ മൂന്നുവയസുകാരി അനിയത്തി!
ഇങ്ങനെ ബഹളമയമായ കളിക്കിടയിലാവും പ്ലാവില്‍ നിന്ന് ചക്ക വീഴുന്നത്.
സ്വര്‍ണ്ണത്തിന്റെ നിറമുള്ള, ഒറ്റവലിക്ക് ആമാശയത്തിലെത്തുന്ന പഴംചക്ക. എല്ലാരും ചുറ്റുമിരുന്ന് ഒറ്റയടിക്ക് അകത്താക്കും. അപ്പോള്‍ നാണിയമ്മ പാത്രവുമായി വരും, ചക്കക്കുരു പെറുക്കാന്‍.
ചക്കതിന്നയുടന്‍ തോട്ടിലേക്കൊരൊറ്റ ഓട്ടമാണ്. പിന്നെ കളി അവിടെയാണ്.
കളിച്ചുകൊണ്ടിരിക്കെ അപ്പുക്കുട്ടന്‍ പറഞ്ഞു
“ഞാന്‍ കളിനിര്‍ത്തി”
“എന്താടാ..ഒരു കളിയും കൂടി കളിച്ചിട്ടു പോകാം” ലീല തടയാന്‍ ശ്രമിച്ചു
“ഇല്ല..ഞാന്‍ പോകുന്നു” അപ്പുക്കുട്ടന്‍ വീട്ടിലേക്ക് നടന്നു.
എന്തോ ഒരു വല്ലായ്ക…
ചര്‍ദ്ദിക്കാന്‍ വരുന്നുണ്ടോ…
ഹേയ് ഇല്ല സ്വയം സമാധാനിച്ചു.
വീട്ടിലെത്തി മേശമേല്‍ ഉണ്ടായ കഥാപുസ്തകം എടുത്തുവായിക്കാന്‍ തുടങ്ങി.
ഇല്ല,ശ്രദ്ധ എവിടെയും നില്‍ക്കുന്നില്ല.
അകത്തേമുറിയില്‍ കയറി ബെഞ്ചില്‍ കമിഴ്ന്ന് കിടന്നു.എന്താണ് സംഭവിക്കുന്നത്.വയറ്റില്‍ വേദനിയ്ക്കുന്നതു പോലെ.
ഉമിച്ചിപ്പാറയില്‍ നിന്ന് സൂര്യന്‍ വയറ്റിലേക്ക് ചാടിയതു പോലെ.ചിലപ്പോള്‍ വലിയ തവളകള്‍ ഒരുമിച്ചുചാടുന്നതു പോലെ.കമിഴ്ന്ന് കിടന്ന് സൂരൃനെയും തവളകളെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചു.
“അപ്പൂ..വേഗം പോയികുളിച്ചിട്ട് വാ ഏട്ടനെയും കൂട്ടിക്കോ”
അമ്മ അടുക്കളയിലെ തിരക്കിനിടയിലും ഓര്‍മ്മിപ്പിച്ചു.
അമ്മയുടെ ചൂരലിന്റെ കാര്യം ഓര്‍ത്തപ്പോള്‍ വേഗം എഴുന്നേറ്റു.
“ഏട്ടാ… വാ കുളിക്കാന്‍ പോകാം”
മുറ്റത്ത് ഉജാലവണ്ടി നിര്‍മ്മിക്കുകയാണ് മുരളി എഴുന്നേറ്റ് പോയി തോര്‍ത്ത് എടുത്തിട്ട് വന്നു.
“ആ വാ പോകാം”
രണ്ടുപേരും കുളിക്കാന്‍ ഇറങ്ങി.
പ്രദീപേട്ടന്‍ ഓടക്കുഴല്‍ വിളിക്കുന്നത് കേള്‍ക്കാമായിരുന്നു.കവലയില്‍ ഇത് പതിവാണ്.ഇന്നേതോ ഹിന്ദിപ്പാട്ടാണ്.
“അപ്പൂ..ഇതേത് പാട്ടാണ്ന്ന് നിനക്കറിയ്യോ”
“എനിക്കറിയില്ല”
വയറ്റില്‍ സൂര്യനും തവളകളും കിടന്ന് മറിയുമ്പോഴാണവൻ്റെ ഒരു പാട്ട് എന്ന് മനസ്സില്‍ പറഞ്ഞു.
നേരം സന്ധ്യയോടടുത്തിരുന്നു.രണ്ടുപേരും ധൃതിയില്‍ നടന്നു.
തോട്ടിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന ചേരല്‍ മരം അവിടേക്കെത്തുന്ന വെളിച്ചത്തെ തടഞ്ഞുനിര്‍ത്തി.അത് പലപ്പോഴും അങ്ങനെയാണ്.വെറുതെ മറ്റുള്ളവരെ ഉപദ്രവിച്ചുകൊണ്ടിരിക്കും.നാട്ടില്‍ പലര്‍ക്കും ചേരല്‍മരം പണികൊടുത്തിട്ടുണ്ട്.പണിവാങ്ങിച്ചവര്‍ മാറിനടക്കുന്നത് കാണുമ്പോള്‍ ചേരല്‍മരം വയലറ്റ് നിറത്തിലുള്ള കായ്കള്‍ കുലുക്കിച്ചിരിക്കും.
“അപ്പൂ..വേഗം കുളിച്ചോ..ഇരുട്ടാവാറായി”
ഇത്രയും പറഞ്ഞ് മുരളി വെള്ളത്തിലേക്കെടുത്ത് ചാടി.അപ്പു വെള്ളത്തില്‍ ഇരുന്ന് കുളിച്ചു.
“വെള്ളത്തില്‍ കളിക്കാതെ വേഗം കുളിച്ചിറ്റ് പോ പുള്ളറേ”
പതിവുയാത്രയ്ക്കിടയില്‍ ശ്രീധരേട്ടൻ്റെ ശാസന.വൈകുന്നേരങ്ങളിലെ ദാഹജലത്തിനായുള്ള പോക്കാണ്.
മുരളി വെള്ളത്തിലേക്ക് ഊളിയിട്ടു.അപ്പുക്കുട്ടന്‍ കുളിച്ച് ഈറന്‍ മാറി.
“ഏട്ടാ..വേഗം കുളിച്ച് കയറ്”
“അപ്പൂ…നിനക്കെന്തുപറ്റി…തീരെ ഉഷാറില്ലാതെ ?”
“എനിക്ക് വയറ് വേദനിക്ക്ന്ന്”.അപ്പുക്കുട്ടന്‍ കരച്ചിലിന്റെ വക്കോളമെത്തി.
“അത് നീ മോരുംവെള്ളം എനിക്ക് തരാതെ കുടിച്ചത് കൊണ്ടാണ്”
മുരളി ചിരിച്ചുകൊണ്ട് പറഞ്ഞു.
“അപ്പോള്‍ നീയും ലീലയും എനിക്ക് തരാതെ സീതാപ്പഴം കഴിച്ചതോ.”
വേദനയ്ക്കിടയിലും അപ്പുക്കുട്ടന്‍ തിരിച്ചടിച്ചു.
ഹേയ്..അതായിരിക്കില്ല..എങ്കില്‍ മുരളിക്കും വേദനിക്കേണ്ടതല്ലേ..അവന്‍ സ്വയം സമാധാനിച്ചു.
രണ്ടുപേരും കുളികഴിഞ്ഞ് വീട്ടിലേക്ക് നടന്നു.ഒതുക്കുകല്ല് കയറുമ്പോള്‍ മുരളി അനുജന്റെ കൈ മുറുകെപ്പിടിച്ചു.
“സാരല്ല്യ..കരയണ്ടാ”
വീട്ടിലെത്തിയയുടന്‍ മുരളി അമ്മയോട് കാര്യം പറഞ്ഞു.
അപ്പുക്കുട്ടന്‍ ചായ്പില്‍ ചടഞ്ഞുകൂടിയിരുന്നു.
ഏട്ടന് മോരുംവെള്ളം കൊടുക്കാത്തതിനാലായിരിക്കുമോ വയറുവേദന വന്നത് ?
അതോ രോഹിണിയുടെ ശാപമോ ?
അങ്ങനെയെങ്കില്‍ ലീലയ്ക്കും രമയ്ക്കും മുരളിയേട്ടനും നളിനിയ്ക്കും ഒക്കെ വയറുവേദനിയ്ക്കേണ്ടതല്ലേ… ഹേയ് അതായിരിക്കില്ല
“എന്തേ…അപ്പൂ…വയറുവേദന ശമനം ഉണ്ടോ”
അമ്മ കയ്യില്‍ എന്തോ കരുതിയിട്ടുള്ള വരവാണ്.
“ദാ…ഇത് കഴിക്ക്”
വെളുത്തുള്ളീം ഉപ്പും കൂടി ചതച്ചത് കൈയ്യില്‍ വെച്ച് കൊടുത്തിട്ട് അമ്മ പറഞ്ഞു .
ഇഷ്ട്ടമില്ലാഞ്ഞിട്ടും അവനത് കഴിച്ചു.
“ഞാന്‍ പലതവണ പറഞ്ഞിട്ടില്ലേ നിന്നോട് പച്ചമാങ്ങ കുറേ കഴിക്കര്ത് ന്ന്… അനുസരിച്ചിട്ട്ണ്ടോ എപ്പളെങ്കിലും”
അമ്മ കണ്ണുരുട്ടി.
“സാരല്ല്യ….ഇപ്പോ ശരിയാവും.അവന്‍ നിന്നെ അന്വേഷിക്ക്ന്ന്ണ്ട്; ഇപ്പോ ഇങ്ങോട്ട് വരും.”
അമ്മയുടെ ആ പറച്ചില്‍ കേട്ടതും അവന്‍ പേടിച്ച് വിറക്കാന്‍ തുടങ്ങി.പതിവായി വയറുവേദന വരുമ്പോള്‍ വരാറുള്ള ആ മന്ത്രവാദിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ അവന് പേടിയാണ്.
പരിക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ കണ്ണുരുട്ടുന്ന,തോട്ടിലെ വെള്ളത്തില്‍ കളിക്കാന്‍ സമ്മതിക്കാത്ത,അടുക്കളയിലെ ശര്‍ക്കരയും തേങ്ങയും തനിക്കോ ഏട്ടനോ തരാതെ കഴിക്കുന്ന ദുഷ്ട്ടനായ മന്ത്രവാദി.
അടുത്ത് വന്ന് എന്തുപറ്റി,എന്തൊക്കെയാണിന്ന് കഴിച്ചത് എന്നൊക്കെ ചോദിച്ചു.അപ്പുക്കുട്ടന്‍ യാന്ത്രികമായി ഉത്തരം പറഞ്ഞു .
“വാ ഞാന്‍ ഒരു മന്ത്രം ചെയ്യാം,വയറുവേദന പെട്ടെന്ന് മാറും”
അപ്പുക്കുട്ടൻ്റെ കൈയ്യും പിടിച്ച് അയാള്‍ വരാന്തയിലേക്ക് നടന്നു.എല്ലാരും അവരെ അനുഗമിച്ചു.
വരാന്തയിലെ നീളമുള്ള മേശയില്‍ മലര്‍ന്ന് കിടക്കാന്‍ പറഞ്ഞു.അപ്പുക്കുട്ടന്‍ കണ്ണുചിമ്മി മലര്‍ന്ന് കിടന്നു.
മന്ത്രവാദി മന്ത്രം ചൊല്ലിത്തുടങ്ങി.
ശൂ…ശൂ എന്നിങ്ങനെ കൈഞൊട്ടയുടെ താളത്തില്‍ പല സഥായിയില്‍ ആവര്‍ത്തിച്ചു ചൊല്ലുന്നതാണ് മന്ത്രം.
മന്ത്രവാദി മന്ത്രം ചൊല്ലിക്കൊണ്ടിരുന്നു.അദ്ഭുതം ! വയറുവേദന പിടിച്ചുകെട്ടിയതുപോലെ നിന്നു.അപ്പുക്കുട്ടന്റെ മുഖത്ത് ചിരിപടര്‍ന്നു.
“വയറുവേദന പോയോ” മന്ത്രവാദി ചോദിച്ചു.
“ഉം”
അപ്പുക്കുട്ടന്‍ എഴുന്നേറ്റു. മന്ത്രവാദി ചിരിച്ചു, ഒപ്പം മറ്റുള്ളവരും.
******************************************************************************************************************
“ആ മന്ത്രവാദിയുടെ കണ്ണുകള്‍ ചുവന്നതാണോ” ചോദ്യം അര്‍മാൻ്റെ വകയാണ്.
“അല്ല” അപ്പുക്കുട്ടന്‍ പറഞ്ഞു
“കയ്യില്‍ മന്ത്രവടിയുണ്ടോ ? ” ആദമിൻ്റെതാണ് ഊഴം
“ഇല്ല”
അര്‍മാനും ആദമും തമ്മില്‍ തമ്മില്‍ നോക്കി.രണ്ടുപേരും ദേഷ്യത്തിലാണ്.
“ഈ പപ്പ കള്ളക്കഥയാണ് പറയുന്നത്”
പരാതി രണ്ടു വയസ്സുകാരന്‍ ആദമിൻ്റെത്.
“അല്ല മോനേ”
അപ്പുക്കുട്ടന്‍ തിരുത്താന്‍ ശ്രമിച്ചു.
എന്നാല്‍ അവര്‍ രണ്ടുപേരും വിട്ടില്ല.
“അമ്മ പറയാറുള്ള കഥകളിലെ മന്ത്രവാദിയ്ക്ക് കണ്ണുകള്‍ ചുവന്നതാണ്”
ഈ പപ്പ നമ്മളെ പറ്റിക്കുന്നതാണ്.രണ്ടുപേരും അയാളെ ഇടിക്കാന്‍ തുടങ്ങി.അയാള്‍ ചിരിക്കാനും.
“പപ്പ സത്യമാണ് പറഞ്ഞത്.ഇങ്ങനെയും ചില മന്ത്രവാദികളുണ്ട്.കടലും കടന്ന് അങ്ങ് ദൂരെ എൻ്റെ നാട്ടില്‍”
ഇത്രയും പറഞ്ഞ് അയാള്‍ കസേരയില്‍ ചാരിയിരുന്ന് ചിന്തയിലമര്‍ന്നു.
മക്കള്‍ രണ്ടുപേരും അന്തംവിട്ടു നിന്നു….
അതെ,ഇപ്പോഴും ഉണ്ട് മണ്ണിന്റെ മണമുള്ള മനുഷ്യരുടെ നാട്ടില്‍ ആ മന്ത്രവാദി!
കല്ലില്‍ തേച്ച് വെളുപ്പിച്ച പാരഗൺ ചെരുപ്പിടുന്ന, കാവിമുണ്ട് ഉടുക്കുന്ന, താളം തെറ്റുന്ന തൻ്റെ കണ്ണുകളെ കട്ടിഫ്രയിമുള്ള കണ്ണടയ്ക്കുള്ളില്‍ ഒളിപ്പിക്കുന്ന മന്ത്രവാദി!
തൻ്റെ പ്രീയപ്പെട്ടവരുടെ വേദനകളെ പിടിച്ചുകെട്ടാന്‍ സ്നേഹത്തിൻ്റെ മന്ത്രവുമായി ഇപ്പോഴും കാത്തിരിക്കുന്നുണ്ടാകും!
image credit – www.reddit.com
Shareef
December 11, 2020 at 10:35 amതൻ്റെ പ്രീയപ്പെട്ടവരുടെ വേദനകളെ പിടിച്ചുകെട്ടാന്‍ സ്നേഹത്തിൻ്റെ മന്ത്രവുമായി ഇപ്പോഴും കാത്തിരിക്കുന്നുണ്ടാകും!❤️
ഉണ്ടാകും, സ്നേഹത്തിനു സഹനം എന്നൊരർത്ഥം കൂടി ഉള്ളതായി എവിടെയോ വായിച്ചിരുന്നു