ഈ ചെറുപ്പക്കാര്‍ക്കൊന്നും ഒരു തൊഴിലുമില്ലേ ?
കുറച്ചുകാലം മുന്‍പ്‌വരെ നാം വളരെയധികം കേട്ട് പരിചയിച്ചൊരു ചോദ്യമാണിത്. അന്നൊക്കെ കുറച്ചു പേര്‍ക്കെങ്കിലും തോന്നിയും കാണണം, പൊതുപ്രവര്‍ത്തനം, ക്ലബ്-വായനശാല പ്രവര്‍ത്തനം എന്നൊക്കെ പറഞ്ഞുകൊണ്ട് സംഘടനാ പ്രവര്‍ത്തനം നടത്തിവരുന്ന, സമൂഹത്തില്‍ ഇടപെട്ടുവരുന്ന ചെറുപ്പക്കാരായ ആളുകള്‍ ഒക്കെ ജോലിയൊന്നും ചെയ്യാത്തവരാണെന്ന്. എന്നാല്‍ ധൈഷണികശാലികളായ ആളുകള്‍ അന്നേ പറഞ്ഞിരുന്നു ഈ ചോദ്യം ഒരു കേവല അരാഷ്ട്രീയ സിദ്ധാന്തത്തില്‍ നിന്നുമുണ്ടാകുന്നതാണ് അല്ലാതെ ചെറുപ്പക്കാരെ ‘നന്നാക്കാ’നായി ഉള്ളതൊന്നും അല്ല എന്ന്.
രാജ്യം സ്വാതന്ത്ര്യത്തെ നേടിയതടക്കം ഇന്ന് നാം കൈവരിച്ച നേട്ടങ്ങള്‍ക്കൊക്കെയും പിന്നില്‍ എന്തിനും ഏതിനും ആവേശത്തോടെ ഇറങ്ങിപ്പുറപ്പെട്ടിരുന്ന ഒരു യുവതലമുറയുടെ ഔത്സുഖ്യത്തിനു കൂടി കടപ്പെട്ടിരിക്കുന്നു. അത് കാണാതെ പോകുന്നത് ചരിത്രത്തോടുള്ള നീതി നിഷേധമാണെന്ന് മാത്രമല്ല സാമൂഹ്യദ്രോഹം കൂടിയാണ്.
ദേശരാഷ്ട്രങ്ങളുടെ കരുത്തുറ്റ മുന്നോട്ടു പോക്കിന് ഊര്‍ജ്ജ്വസ്വലരായ ചെറുപ്പം അത്യന്താപേക്ഷിതമാണ്. കേരളചരിത്രം എടുത്ത് പരിശോധി ച്ചാല്‍ അതിന്റെ എല്ലാ കാലഘട്ടത്തിലും ഉദ്ബുദ്ധരായ ചെറുപ്പത്തിന്റെയും പുരോഗമനപ്രസ്ഥാനങ്ങളുടെയും സജീവ ഇടപെടലുകള്‍ കാണാന്‍ കഴിയും. ചിരിച്ചു തള്ളേണ്ടതല്ല ചെറുപ്പത്തിന്റെ ഇടപെടലുകള്‍ എന്നതിന്റെ നേര്‍സാക്ഷ്യം ആയിരുന്നു നമ്മള്‍ ഇന്നും പൂര്‍ണ്ണമായും മറികടന്നിട്ടില്ലാത്ത കൊറോണക്കാലം. പുച്ഛിച്ചു കളഞ്ഞ സന്നദ്ധപ്രവര്‍ത്തകരായിരുന്നു ഈ ദുരിതകാലത്ത് നമ്മുക്കെല്ലാം എന്തിനും ഏതിനും ആശ്രയം.
നാട്ടിനകത്ത്, മാഞ്ഞുപോയ കളിചിരികള്‍ തിരിച്ചുകൊണ്ടുവരാനും മ്ലാനമായ മഹാമാരികാലത്തെ അതിജീവിച്ച് കാലത്തിന്റെ പുതിയ സീമകള്‍ തേടി പോകാന്‍ നാടിനു കരുത്തേകാനും ഉതകും വിധം ജ്വാലയുടെ ഏഴാം വാര്‍ഷികാഘോഷവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കഴിയട്ടെ എന്ന്
ആശംസിക്കുന്നു.
(ജ്വാല ഫെസ്റ്റ് 2021ന്റെ ഭാഗമായി പുറത്തിറക്കിയ പുതുവർഷ സപ്പ്ളിമെന്റിൽ പ്രസിദ്ധീകരിച്ചതാണ് ലേഖനം.)