വരണം എല്ലാവരും…
എനിക്ക് നിങ്ങളെ വിളിക്കാനായെന്നു വരില്ല
തീയതിയും സമയവും അറിയീക്കുന്നില്ല,
ആവശ്യമെങ്കിൽ അന്വേഷിച്ചറിയുക
അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ
എൻ്റെ കൂടെയുണ്ടായിരുന്നവരുടെ കൂട്ടത്തിൽ
എനിക്ക് പകരം നിങ്ങൾ ഉണ്ടാകണം
എൻ്റെ കുറവ് ആകുമെങ്കിൽ നികത്തണം
നീർചാലുകൾക്ക് ഉറവിടമായ കണ്ണുകളിൽ
തടയണ കെട്ടണം
തൊഴിലുറപ്പുകാർ അറിയണ്ട
ചിലപ്പോൾ കോപിക്കും
എൻ്റെ കുറവിൽ ചില രാഷ്ട്രീയക്കാർ വിഷമിക്കും
ഒരു വോട്ട് പോയല്ലോ
ചിലർ വിഷമത്തോടെ സന്തോഷിക്കും
അവൻ പോയെങ്കിലും അവരുടെ വോട്ട് പോയല്ലോ
കൂട്ടുകാരായിരിക്കും കൂടുതൽ തേങ്ങുന്നത്
അവരാണല്ലോ എൻ്റെ കൂടെ നടന്നവർ
ഗവൺമെൻറ് ജീവനക്കാർ
ചിലപ്പോൾ എന്നെ പ്രാകും
ഞാൻ കാരണം അവരുടെ
കണക്ക് കൂട്ടൽ തെറ്റിയിട്ടുണ്ടെങ്കിലോ ?
നാട്ടിലും വീട്ടിലും പാമ്പുകൾ കൂടുതലായതിനാൽ
ഭരിക്കുന്ന സർക്കാർ സന്തോഷിക്കും
ഇറക്കുന്നതും കയറ്റുന്നതും മെഷീൻ
അല്ലെങ്കിലും ആണെന്ന് പറയണം;
ഇല്ലെങ്കിൽ നീലയും ചുവപ്പും ഓറഞ്ചും
തമ്മിൽ കലഹിച്ചെങ്കിലോ ?
നേതാക്കന്മാരോടൊന്നും വരേണ്ടെന്ന് പറയണം
ചിലപ്പോൾ ഭാവമാറ്റ കഴിവില്ലെങ്കിലോ ?
അവശ്യ സാധനങ്ങളുടെ കാര്യമോർത്ത് വിഷമിക്കണ്ട,
മാർക്കറ്റിങ്ങിന് ആൾ അവിടെ തന്നെ ഉണ്ട്
പ്ലാസ്റ്റിക് ഷീറ്റ് ഒന്നും വലിച്ചു കെട്ടണ്ട,
ഞങ്ങൾ അതിനെതിരാണെന്നു പറയുന്നവർ
നല്ലവരാ… നാട്ടിൽ നന്മ ആഗ്രഹിക്കുന്നവരാ…
അവസാനം കാക്കയെ വിളിക്കണ്ട,
വരില്ല…
എക്കാലത്തും ഞാൻ അവർക്കൊരു ശല്യമായിരുന്നു!
ഇപ്പോൾ പോകുന്നില്ല; കുറച്ചു കഴിഞ്ഞേ ഉള്ളൂ…
അപ്പോൾ പിന്നെ ശരി.
ഉറങ്ങുമ്പോൾ ശല്യം ചെയ്യരുത്!
Shareef
March 30, 2020 at 8:14 amവളരെ നന്നായിരിക്കുന്നു .
ആനുകാലികം എന്ന് പറയാമെങ്കിലും ആധുനികതയുടെ ചില വ്യാകുലതകൾ വരികളിൽ ഒളിഞ്ഞിരിപ്പുണ്ട് .
കുമ്പളപ്പള്ളിക്കാരുടെ ഈ കൂട്ടായ്മയിൽ വളരെ അഭിമാനം തോനുന്നു , കൂടുതൽ കരുത്തോടെ മുമ്പോട്ടു പോകൂ , എല്ലാ വിധ ആശംസകളും നേരുന്നു .