വായും മൂക്കും മൂടിക്കെട്ടി പരസ്പരം കാണാതെ സംസാരിക്കാതെ സാമൂഹ്യ അകലം പാലിച്ച് അകന്ന് കഴിയേണ്ടി വന്ന കാലം നമ്മള്‍ അതിജീവിക്കുകയാണ്. പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞില്ലെങ്കിലും പുതിയ രൂപത്തില്‍ രോഗവാഹകര്‍ പുറപ്പെട്ടിട്ടുണ്ടെന്നു വര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും 2020 തുടക്കത്തില്‍ അനുഭവിച്ചൊരാശങ്ക നമ്മുക്കിന്നില്ല.ജാതി മത ചിന്തകള്‍ ഇല്ലാതെ കക്ഷി രാഷ്ട്രീയ ചിന്തകള്‍ ഇല്ലാതെ ഒരേ മനസ്സോടെയാണ് നമ്മളീ മാരിക്കെതിരെ പടപൊരുതിയതെന്നു നിസ്സംശയം പറയാന്‍ കഴിയും.വീണുപോവാതെ, കൈവിടാതെ, പരസ്പരം കരുതലായിക്കൊണ്ടുള്ള ആ ഒരു ഐക്യബോധമായിരിക്കും ഒരുപക്ഷെ രോഗകാരി പൂര്‍ണ്ണമായും പിന്തിരിയാത്ത ഈ സമയത്തും നമ്മുക്ക് മുന്‍പോട്ടു പോകാനുള്ള ധൈര്യം തന്നുകൊണ്ടിരിക്കുന്നത്.
മഹാമാരി ദുരിതം വിതച്ച ഒരു നാടിനെ പഴയ സാമോദകാലത്തേക്ക് തിരിച്ചെത്തിക്കുക എന്നുള്ളത് നാട്ടിലെ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അറുതികഥകളുടെ ഇടയിലും കുമ്പളപ്പള്ളിയുടെ പുതുവത്സര പരിപാടിയായ ‘ജ്വാല ഫെസ്റ്റ്’ സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നത്.
പറഞ്ഞു തീര്‍ക്കാനാവാത്തയത്രയും സാമ്പത്തീക പ്രശ്‌നങ്ങളില്‍ ഉഴലുമ്പോഴും നാടിനു വേണ്ടി ജ്വാല സംഘടിപ്പിക്കുന്ന പരിപാടിയെ നല്ലനിലയില്‍ തന്നെയാണ് എല്ലാ പ്രീയപ്പെട്ടവരും കണ്ടത്
ചുരുങ്ങിയ ചിലവില്‍ കുമ്പളപ്പള്ളിക്കാരുടേതു മാത്രമായ പരിപാടികള്‍ മാത്രമാണ് നാം ഇത്തവണ ആസൂത്രം ചെയ്തിരിക്കുന്നത്.ബഡ്ജറ്റില്‍ മാത്രം ചെറുതാവുന്ന പരിപാടിയില്‍ പക്ഷെ നമ്മുടെ ഏവരുടെയും ചിരകാല അഭിലാഷമായ നാടിന്റെ സ്വന്തം വായനശാലയുടെ പുസ്തകവിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൂടി നടക്കുമ്പോള്‍ നമ്മള്‍ കുമ്പളപ്പള്ളിക്കാര്‍ക്കതു ഇരട്ടിമധുരമുള്ള പുതുവത്സര സമ്മാനം ആകും എന്നതില്‍ സംശയിക്കേണ്ടതില്ല.
പുസ്തകശേഖരണത്തിനായി കഴിഞ്ഞ 180 ദിവസങ്ങളായി നാം സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിവരുന്ന #DonateaBookChallenge നു നല്ല പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുസ്തകങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.
പ്രവര്‍ത്തനപന്ഥാവില്‍ 7 വര്‍ഷം പിന്നിടുമ്പോള്‍ നമ്മള്‍ കുമ്പളപ്പള്ളിക്കാരുടെ ‘സ്വന്തമായി ഒരു വായനശാല’ എന്ന സ്വപ്നത്തിനു ഒരു നല്ല തുടക്കം ഇടാന്‍ കഴിഞ്ഞു എന്നുള്ളത് നമുക്കേവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നുണ്ട്.
‘കുമ്പളപ്പള്ളി വായനശാല & ഗ്രന്ഥാലയം” എന്ന് നാമകരണം ചെയ്തിട്ടുള്ള നമ്മുടെ വായനശാല നമുക്കോരോരുത്തര്‍ക്കും എന്നുള്ളതു പോലെതന്നെ വരും തലമുറയ്ക്ക് കൂടി പ്രയോജനകരമാവും വിധം വലിയ വിവരശേഖരമുള്ള കുമ്പളപ്പള്ളിയുടെ സാംസ്‌കാരിക-ബൗദ്ധീക സിരാകേന്ദ്രമാക്കി മാറ്റാന്‍ ആവശ്യമായ സര്‍ഗ്ഗാത്മക ഇടപെടല്‍ നടത്താന്‍ കൂടി ഇനിയങ്ങോട്ടുള്ള നാളുകള്‍ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
വരുംകാലങ്ങളില്‍ നാടിന്റെ കലാകായിക സാംസ്‌കാരിക ബൗദ്ധീക മേഖലകളില്‍ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്താന്‍ ജ്വലക്കും കുമ്പളപ്പള്ളി വായനശാലക്കും കഴിയേണ്ടതുണ്ട്. പ്രായ ലിംഗവ്യത്യാസമില്ലാതെ കൂടുതല്‍ ആളുകള്‍ ഉത്തരവാദിത്തങ്ങളിലേക്കു കടന്നു വന്നുകൊണ്ടു മാത്രമേ പ്രോജ്വലമായ ഒരു മുന്നേറ്റമുണ്ടാക്കാന്‍ നമ്മുക്ക് സാധിക്കുകയുള്ളൂ. ആയതി ലേക്ക് മുഴുവന്‍ പ്രീയപ്പെട്ടവരുടെയും നിര്‍ദ്ദേശങ്ങളും ഇടപെട ലുകളും നിസ്സീമമായി പ്രതീക്ഷിക്കുകയാണ്.
നാടിന്റെ സ്വന്തം കലാകാരന്‍മാരെയും കലാകാരികളെയും ഉള്‍പ്പെടുത്തി വിവിധ നൃത്ത പരിപാടികളും നാടന്‍പാട്ടുകളും സാംസ്‌കാരിക സായാഹ്നവും അടക്കം ആണ് ജ്വാലഫെസ്റ്റ് 2021 ആസൂത്രണം ചെയ്തിരിക്കുന്നത്.
മുഴുവന്‍ ആളുകളെയും നിറഞ്ഞ സ്‌നേഹത്തോടെ ജ്വാലഫെസ്റ്റ് 2021ലേക്ക് സ്വാഗതം ചെയ്യുകയാണ്.
പുതുവത്സരാശംസകളോടെ
(ജ്വാല ഫെസ്റ്റ് 2021ന്റെ ഭാഗമായി പുറത്തിറക്കിയ പുതുവർഷ സപ്പ്ളിമെന്റിൽ പ്രസിദ്ധീകരിച്ചതാണ് ലേഖനം.)