Follow Us

ഓർമ്മകൾക്കെന്തൊരു മധുരം

ഓർമ്മകൾക്കെന്തൊരു മധുരം

കുട്ടികാലത്തെ ഓർമകളിലേക്ക് പോയി ഏതാനും മിനുട്ടുകളവിടെ ജീവിച്ചു തിരിച്ചുവരിക പതിവാണ് പലപ്പോഴും. സംഭവങ്ങളോ സാധനങ്ങളോ അങ്ങനെ എന്തെങ്കിലും സംഗതികളാവും ഇങ്ങനെ ഓർമ്മക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോവുക.

“ബീച്ച് ഫെസ്റ്റ് കാണാൻ പോണം”

മൂന്നാല് ദിവസമായി എന്നും വൈകുന്നേരം വീട്ടിലെത്തുമ്പോൾ കുഞ്ചൂന്റെ ആവശ്യമാണ്… അവന്റെ കൂട്ടുകാരൊക്കെ പോയതിന്റെ വിശേഷങ്ങളും പറഞ്ഞോണ്ടിരിക്കുന്നുണ്ട്. സ്കൂളിൽ നിന്നും എന്തോ കൂപ്പണും കിട്ടീട്ടുണ്ട് പോലും!

അങ്ങനെയാണ് അവധി ദിവസം നോക്കി പ്രിയപ്പെട്ടവർക്കൊപ്പം ഞാനും ആ ആൾക്കൂട്ടത്തിൽ എത്തിയത്.

നാട് അങ്ങനെതന്നെ അവിടെ എത്തിയിട്ടുണ്ട്.

വീട്ടമ്മമാർക്കും,സംഗീതപ്രേമികൾക്കും, ഭക്ഷണപ്രിയർക്കും അങ്ങനെ എല്ലാതരക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് ഫെസ്റ്റ്.

കാഴ്ചകൾ കണ്ടും കുഞ്ചുവിന്റെ സംശയങ്ങൾക്കും പരാതികൾക്കും ഉത്തരം കണ്ടെത്തിയും കയ്യും കയ്യും പിടിച്ച് ഞങ്ങൾ ഇങ്ങനെ നടക്കുകയാണ്…

“അച്ചൂ”

അതിനിടയിൽ ആണ് ഏട്ടൻ വിളിച്ചത്.

മുന്നിൽ നടക്കുന്നുണ്ടായിരുന്നു ഏട്ടന്റെ അടുത്തെത്തിയതും കളഞ്ഞു പോയതെന്തോ തിരിച്ചു കിട്ടിയ ആവേശത്തിൽ ഏട്ടൻ എനിക്കു നേരെ ഒരു പ്ലാസ്റ്റിക് കവർ നീട്ടി.

ജോകര മുട്ടായി!!!

നീല പേപ്പറിൽ പൊതിഞ്ഞ മധുരത്തിന്റെ കട്ട…

കാലത്തിനു അനുസരിച്ചു കോലവും മാറണല്ലോ…

പേര് ”ജോക്കർ”എന്നാക്കിയിട്ടുണ്ട്. മധുരം സ്വല്പം കുറഞ്ഞിട്ടുണ്ട്. മാറ്റം അത്ര മാത്രം.

കുഞ്ചൂന് ഇത് ഒരു സംഭവമായിരിക്കില്ലെങ്കിലും എനിക്കും ഏട്ടനും ഇതങ്ങനെയൊന്നല്ല.

ഞങ്ങൾക്കിത് ഓർമ്മകളുടെ മധുരം കൂടിയാണ്…

സ്കൂളിനോട് ചേർന്ന് ചന്ദ്രേട്ടന്റെ ഓല മേഞ്ഞ പെട്ടിക്കടയിൽ മേശപ്പുറത്തെ ഭരണികളിൽ പുളിമുട്ടായിയും , തവിടുമുട്ടായിയും, തേൻമുട്ടായിയും അങ്ങനെ പലനിറത്തിൽ.. പല പേരുകളിൽ… ഓരോരോ രുചികൾ…കൂട്ടത്തിൽ ജോകരയാണ് താരം.

ഓർമകൾക്ക് നിറമൊട്ടും കെട്ടിട്ടില്ല,മധുരം തീരെ കുറഞ്ഞിട്ടുമില്ല.എല്ലാവരെയും ഓർക്കുന്നു…

പ്രിയപ്പെട്ട കൂട്ടുകാരെയും അധ്യാപകരെയും,കഞ്ഞി വെക്കുന്ന മാക്കം മൂത്തമ്മയെയും (അച്ഛന്റെ വകയിലെ സഹോദരിയാണെങ്കിലും സ്നേഹം സ്വന്തം പോലെന്നെ), സ്കൂളിന് തൊട്ടടുത്ത് ഓലപ്പുരയിൽ നമുക്കായ് മധുരങ്ങൾ മഴ കൊള്ളാതെ സൂക്ഷിച്ച ചന്ദ്രേട്ടനെയും, പിന്നീട് ഈ മേഖലയിലേക്ക് കടന്നുവന്ന സ്ത്രീരത്‌നങ്ങൾ സീതാമ്ലയും ബേബിയേട്ടിയും, ചുമലിലെ ബാഗിൽ ക്യാമറയുമായി വരുന്ന ആ കുറിയ മനുഷ്യൻ (അധ്യാപന ജീവിതത്തിലും എന്റെ ആദ്യത്തെ ക്ലാസ്സ്‌ ഫോട്ടോ പകർത്തിയത് ഈ ഫോട്ടോഗ്രാഫർ ആയിരുന്നു)

അങ്ങനെ കുറേ മനുഷ്യർ…

എന്നെ ഞാനാക്കി നിർത്തുന്ന കുറേ ഓർമ്മകൾ…

ജോകര കഥകൾ കുഞ്ചുവിനോട് ഓരോന്നായി പറഞ്ഞു.

ഓരോ ചവയ്ക്കലിലും അത് പല്ലിനോട് കൂടുതൽ ഒട്ടിച്ചേർന്നു, ഓർമ്മകളെ പോലെ തന്നെ.. 😍

അവന് അതൊരു പുതിയ അനുഭവം ആയിരുന്നു.ജോകര കഴിച്ചോണ്ട് അവൻ എന്റെ ജോകര കഥകൾ കേട്ടു.

രണ്ടിന്റെയും മധുരം ഒരുപോലെ നുണഞ്ഞു.

ജോകരയുടെ മധുരം കുറഞ്ഞെങ്കിലും ഓർമ്മകൾക്കെന്തൊരു മധുരം!

Leave a Reply

Your email address will not be published. Required fields are marked *